സ്നേഹം വിൽക്കുന്ന തിരക്കിലായിരുന്നു അലമേലു….
കതകിൽ,തുടർച്ചയായുള്ള മുട്ടുകേട്ടു,പൂർത്തീകരിക്കാനാവാത്ത ജോലിയുടെ നീരസവും പേറി ,വൈമനസ്സ്യത്തോടെ അവൾ
വാതിൽ പാതി തുറന്നു. മുന്നിൽ,വെറ്റിലക്കറ പുരണ്ട പല്ലു മുഴുവൻ പുറത്തു കാണിച്ചു ,വെളുക്കെ ചിരിച്ചുകൊണ്ട് ചെല്ലമ്മ അക്ക ……
“വേലൈ മുടിഞ്ഞാച്ചാ” അശ്ലീലം കലർന്ന ആംഗ്യത്തോടെ, മുറിക്കുള്ളിലേക്ക് പാളി നോക്കിക്കൊണ്ടു അവർ ചോദിച്ചു.നനഞ്ഞ
ഒരു നോട്ടം മാത്രമായിരുന്നു അലമേലുവിന്റെ മറുപടി.
“ഒരു പെരിയ മീൻ വന്താച്ചു്….നിറയെ കാശിര്ക്കും….ഇന്ത വേലയെ ശീഖ്ര മുടിച്ചിട് ” വിരലുകൾ അഞ്ചും നിവർത്തി ,തല മാന്തിക്കൊണ്ടു
ചെല്ലമ്മാൾ അവളെ അടിമുടി നോക്കി. “എന്നാ വേഷമെടീ ഇത്? ഇന്ത ചേലയ്എല്ലാം മാറ്റി , അന്ത ടു പീസ് ഡ്രസ്സ് പോട്”…..പതഞ്ഞു വന്ന കോപം ,കുടിനീരിലൂടെ കടിച്ചിറക്കി , അലമേലു തലയാട്ടി
ഇനി ഒരു സ്നേഹദാഹിയെക്കൂടി കൈകാര്യം ചെയ്താൽ , ഇന്നത്തെ തന്റെ ഡ്യൂട്ടി കഴിയും…എന്നിട്ടുവേണം വിയർപ്പിന്റെയും, രേതസ്സിന്റെയും മടുപ്പിക്കുന്ന ഗന്ധം പേറുന്ന ശരീരം ഉരച്ചു കഴുകി
ഒരു മനുഷ്യ സ്ത്രീ ആയിത്തീരാൻ .ഇപ്പോൾ താൻ ദേവദാസിയല്ലേ… പേരുപോലും സ്വന്തമല്ലാത്ത ദേവദാസി!
പച്ചമഞ്ഞളിന്റെയും കാച്ചെണ്ണയുടെയും മനം മയക്കുന്ന ഗന്ധത്തിൽ നിന്നും ,വിലകുറഞ്ഞ പെർഫ്യൂമിന്റെയും ചെടിപ്പിക്കുന്ന ചേഷ്ടകളുടെയും ലോകത്തേക്ക് ഒരു കൂപ്പുകുത്തൽ……
ഇന്നും തനിക്കു വിശ്വസിക്കാനാവുന്നില്ല ഒന്നും ……..
താൻ ജീവിച്ചിരിക്കുന്നു എന്നതുപോലും….
നാലുകെട്ടിന്റെ അകത്തളങ്ങളിൽ , നാമജപവും നോമ്പു നോക്കലുമായി കഴിഞ്ഞിരുന്ന ‘ദേവകി’ എന്ന പെൺകുട്ടി ,
നഗരത്തിൽ ചേക്കേറി, വില്പനച്ചരക്കായി മാറിയതെപ്പോഴാണ് ?
സ്വപ്നങ്ങളുടെ മിന്നാമിനുങ്ങുകളെ മനസ്സിന്റെ പൂങ്കവനത്തിൽനിന്ന് എന്നെന്നേക്കുമായി തുരത്തി ഓടിച്ചതെപ്പോഴാണ് ?….ഒന്നും ഓർക്കാൻ
ഇഷ്ടപ്പെടാത്തവ…..കരയണമെന്നു വിചാരിച്ചാൽപോലും അതിനു
കഴിയാറില്ല….അപ്പോഴും ചിരിയാണ് വരിക…ചെല്ലമ്മ അക്കയുടെ
മേൽനോട്ടത്തിൽ, കണ്ണാടിയിൽ നോക്കി , പലനാൾ പരിശീലിച്ചിട്ടുള്ള ,
പുരുഷനെ വലയിൽ വീഴ്ത്താനുള്ള, മാദകത്വം കലർന്ന ചിരി !
ഒരു നെടുവീർപ്പോടെ അലമേലുവീണ്ടും വാതിലടച്ചു തഴുതിട്ടു.
തിരിഞ്ഞു നോക്കുമ്പോൾ , തൊട്ടുപിന്നിൽ അയാൾ …
“ഇന്നിനി വേണ്ട,…” വിരസതയോടെ അയാൾ പറഞ്ഞു.
“അത്…ഞാൻ “…വാക്കുകൾക്കായി അവൾ വിക്കി. “അറിയാം”……പോക്കറ്റിൽ നിന്ന് ഒരു കുത്തു നോട്ടുകൾ വാരി അവളുടെ മുന്നിലേക്കെറിഞ്ഞുകൊണ്ടു,
മറ്റൊന്നും പറയാനനുവദിക്കാതെ അയാൾ പുറത്തേക്കിറങ്ങി.
ജാള്യതയോടെ അലമേലു ഒരു നിമിഷം നിന്നു. പിന്നെ, തുക എത്രയുണ്ടെന്ന് എണ്ണിനോക്കാൻ പോലും മിനക്കെടാതെ വാരി ബാഗിലേക്കിട്ടു .
ഇനി വരാൻ പോകുന്ന കൊമ്പൻ സ്രാവ് ഏതവനാണാവോ ?
ആരായാലെന്താ …എല്ലാവരും തനിക്കു ഒരുപോലെയെ ഉള്ളു… ആരോടും പ്രത്യേകിച്ച് ഒരടുപ്പവും തോന്നിയിട്ടില്ല….റിമോട്ട് കൺട്രോളിൽ ചലിക്കുന്ന ഒരു പാവ പോലെ …എന്തൊക്കെയോ ചെയ്യുന്നു …പറയുന്നു…ആടുന്നു.
ചതിയിൽ പെട്ടിട്ടാണെങ്കിലും , സ്വയം നശിച്ചുകൊണ്ടാണെങ്കിലും നാട്ടിൽ മൂന്നു ആത്മാക്കൾ പട്ടിണി കൂടാതെ കഴിയുന്നുണ്ടല്ലോ…. അത്രയും ആശ്വാസം……പെട്ടിയിലിരുന്നു ദ്രവിച്ചു തുടങ്ങിയ ഡിഗ്രി സെര്ടിഫിക്കറ്റുകളെക്കുറിച്ചു ഓർത്തപ്പോൾ അലമേലുവിനു ഉള്ളിൽ ചിരി പൊട്ടി . കടലാസിന്റെ വിലപോലും അതിനില്ലിപ്പോൾ….അല്ലെങ്കിലും ഈ പണിക്കു വലിയ ബുദ്ധിയും വിവരവും ഒന്നും വേണ്ടല്ലോ …. ഓമനത്തമുള്ളൊരു മുഖവും വടിവൊത്ത ശരീരവും മാത്രം
മതി….ഭാഗ്യം കൊണ്ട് തനിക്കു കിട്ടുന്ന ടിപ്പിൽ ചെല്ലമ്മ അക്ക
കൈയിട്ടു വാരാറില്ല….കസ്റ്റമേഴ്സിന്റെ കൈയ്യിൽ നിന്നും കണക്കു പറഞ്ഞു അവര് വാങ്ങിച്ചോളും …തന്റെ വീതം ദിവസവും കൃത്യമായി തരികയും ചെയ്യും…..
വാതിൽക്കൽ മുരടനക്കം കേട്ട് അലമേലുഞെട്ടി ഉണർന്നു….. നോക്കുമ്പോൾ ചെല്ലമ്മ അക്ക ‘ റൊമ്പ നേരമാച്ചു… ; വര സൊല്ലട്ടുമ)?” മുഷിച്ചിലോടെ അവർ ചോദിച്ചു “ഒരു അഞ്ചു മിനിട്ടുകൂടി കഴിഞ്ഞു വരാൻപറ ” തോളറ്റം മുറിച്ചിട്ട മുടി , ഒന്നുകൂടി പൊലിപ്പിച്ചിട്ടുകൊണ്ടു അലമേലു പറഞ്ഞു. പനംകുലപോലെ , മുതുകു മറഞ്ഞു , മുട്ടറ്റം കിടന്നിരുന്ന മുടി!. കോളേജിൽ ഏതു ഫംക്ഷൻ ഉണ്ടായാലും ,ഒരു പ്രധാനപ്പെട്ട ഐറ്റത്തിന് താൻ ഉണ്ടാവുമായിരുന്നു …ക്രിസ്തുമസിന് കന്യകാമറിയം , റിപ്പബ്ലിക്ക് ഡേയ്ക്ക് ഭാരതാംബ, ആനിവേഴ്സറിക്കു വിദ്യാ ദേവതയായ സരസ്വതി !
ഇപ്പോൾ തനിക്കു ചേരുന്ന വേഷം ഏതാണാവോ?….ആത്മനിന്ദയോടെ , കണ്ണാടിയിൽ നോക്കി , അവൾ ചുണ്ടുകളിൽ കടുത്ത ലിപ്സ്റ്റിക് പുരട്ടി…..മദോന്മത്തനായി, നിലത്തുറക്കാത്ത കാലുകളോടെ ,അന്തരീക്ഷത്തിൽ കൈകൾ തുഴഞ്ഞുകൊണ്ടു, കറുത്ത് തടിച്ചൊരു രൂപം മുറിക്കുള്ളിലേക്ക് കടക്കുന്നത് അലമേലു കണ്ണാടിയിലൂടെ കണ്ടു.
അവളുടെയുള്ളിൽ ഒരു വെള്ളിടി വെട്ടി.ഇതയാളല്ലേ…… ദേവകിയെന്ന പാവം പെൺകുട്ടിയെ , ഊരും പേരുമറിയാത്തൊരു നാട്ടിൽ , ജോലി ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു
കൂട്ടിക്കൊണ്ടുപോയി നശിപ്പിച്ച , സാമൂഹ്യ പ്രവർത്തകൻ !
തന്നെപ്പോലെ എത്ര ദേവകിമാരെ ഈ രാക്ഷസൻ കുരുതി കൊടുത്തു കാണും……വമ്പൻ സ്രാവാണത്രേ….സ്രാവ് !
ആഗതൻ ,കട്ടിലിലിരുന്നു ,അക്ഷമനായി ,സ്വന്തം തുടയ്ക്കു അടിക്കാൻ
തുടങ്ങി….അതയാൾ തന്നെ ….അലമേലുവിനു ഉറപ്പായി.
വര്ഷങ്ങള്ക്കു മുൻപ് ,cഅടച്ചുറപ്പാക്കിയ മുറിയിലിട്ടു തന്നെ നശിപ്പിക്കാനൊരുങ്ങുമ്പോൾ,അരുതേയെന്നു താൻ കാലിൽ വീണു കേഴുമ്പോൾ,ആവേശം മൂത്തു ഇയാൾ അന്നും തുടയ്ക്കു അടിക്കുന്നുണ്ടായിരുന്നു ….ദുഷ്ടനായ ദുര്യോധനനെപ്പോലെ …….
അവസാന മിനുക്കു പണികൾക്കെന്നപോലെ അവൾ ഒന്നുകൂടി നിലക്കണ്ണാടിയിൽ നോക്കി .തനിക്കിപ്പോൾ ദുർഗ്ഗയുടെ മുഖമാണെന്നു
അലമേലുവിനു തോന്നി. …സംഹാര രൂപിണിയായ ദുർഗ്ഗ’…….ദാരികനെ
കൊന്ന ദുർഗ്ഗ ! ഉള്ളിൽ ഇത്രയും നാൾ അമർത്തിവച്ചിരുന്ന വെറുപ്പും പകയും ,അഗ്നിയായി തന്റെ ശരീരമാസകലം പടരുന്നത് അലമേലു അറിഞ്ഞു. പ്രകമ്പനം കൊള്ളുന്ന ശരീരത്തോടെ അവൾ അയാളുടെ അടുത്തേക്ക് ചെന്നു….മുരണ്ടുകൊണ്ടു, തന്നെ കടന്നുപിടിക്കാൻ തുടങ്ങിയ അയാളെ അവൾ തള്ളി താഴെയിട്ടു. പിന്നെ, തന്റെ, നീണ്ടുവരുന്ന ദംഷ്ട്രകളും നഖങ്ങളും അയാളുടെ കഴുത്തിലേക്ക് ആഴ്ന്നിറക്കി …….
. ***************************************