‘അമ്മ മരിച്ചു ഏറെ നാളുകൾക്കു ശേഷമാണ് ഞാൻ ആ കാൽപ്പെട്ടി തുറന്നതു. ജീവിച്ചിരിക്കുമ്പോൾ അത് തുറക്കാൻ ‘അമ്മ ആരെയും അനുവദിച്ചിരുന്നില്ല….’അമ്മ ഇല്ലാതായപ്പോഴാകട്ടെ , അതിലെന്താണെന്നു അറിയാനുള്ള താൽപ്പര്യവും ഇല്ലാതായി…..
ഇടയ്ക്കിടെ , അമ്മയെ കാണാൻ തറവാട്ടിൽ എത്തിയിരുന്നപ്പോഴെല്ലാം ,”നീ ഇത് കൊണ്ടുപോക്കോ “എന്ന് പറഞ്ഞു കിണ്ടിയും, ഉരുളിയും, , പറ യും ചങ്ങഴിയുമെല്ലാം ‘അമ്മ അടിച്ചേൽപ്പിക്കും. ഇത് കാണുമ്പോൾ നാത്തൂന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിടരും .”ചേച്ചി കൊണ്ടുപോക്കോ, ഇവിടെ ഞങ്ങളിതെല്ലാം ആക്രിക്കാർക്കു കൊടുക്കത്തെ ഉള്ളൂ …ആരെക്കൊണ്ട് പറ്റും ഇതൊക്കെ തേച്ചു മിനുക്കി വയ്ക്കാൻ ?”…..ആ സംസാരത്തിലൊളിഞ്ഞിരിക്കുന്ന പരിഹാസം മനസ്സിലാവാഞ്ഞിട്ടല്ല, എനിക്ക് ആവശ്യമില്ലെങ്കിൽ കൂടി , അമ്മയെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ എല്ലാം കൊണ്ടുപോകും.
ഇനി ഞാൻ ഇതെല്ലാം കൊണ്ട് വീട്ടിലെത്തിയാലോ , എന്റെ ഭർത്താവ് കളിയാക്കാൻ തുടങ്ങും …”എന്റെ പൊന്നു ഭാര്യേ, താനീ പതിനെട്ടാം നൂറ്റാണ്ടിലെ സാധനങ്ങളൊക്കെ വാരി വലിച്ചുകെട്ടി ഇങ്ങോട്ടു കൊണ്ടുവന്നാൽ, നമ്മുടെ ഈ കൊച്ചു വീട്ടിൽ എവിടെ വയ്ക്കും ?” ഇതിനുള്ള മറുപടി ഞാൻ ഒരു സുന്ദരൻ ചിരിയിൽ ഒതുക്കും
പിത്തള കൈപ്പിടികളുള്ള ആ കാൽപ്പെട്ടി , ഏതാണ്ട് അനാഥമായ മട്ടിൽ ,തറവാടിന്റെ , വേണമെങ്കിൽ വിറകുപുരയെന്നു വിശേഷിപ്പിക്കാവുന്ന, സ്റ്റോർ മുറിയുടെ ഒരു കോണിൽ പൊടിമൂടിക്കിടക്കുന്നതു കണ്ടാണ് , ഞാൻ അത് തുറന്നു നോക്കാൻ തീരുമാനിച്ചത്.
‘അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ വസ്തു , ഭാഗം വയ്ക്കലും, മറ്റു സ്വത്തുക്കൾ വീതം വയ്ക്കലും നടത്തിയിരുന്നതിനാൽ , ആ പെട്ടിയിൽ എന്തെങ്കിലും വിലപിടിപ്പുള്ളതു അവശേഷിക്കുന്നതായി ആർക്കും തോന്നിയിട്ടുണ്ടാവില്ലായിരിക്കും…അതല്ലെങ്കിൽ പഴമയുടെ പ്രതീകമായ ആ പുരാവസ്തു , ആധുനിക ഗൃഹോപകരണങ്ങൾക്കിടയിൽ ഒരപശകുനം പോലെ തോന്നിയിട്ടുണ്ടാവാം …അതുകൊണ്ടായിരിക്കും , സ്റ്റോർ മുറിയുടെ ,ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കോണിൽ , കുറെ പാഴ് വസ്തുക്കൾക്കൊപ്പം അത് കൊണ്ട് തള്ളിയത്…..
ഇതിന്റെ താക്കോലെവിടെ?…ഞാൻ ആങ്ങളയോട് ആരാഞ്ഞു .
ആ …അവൻ കൈമലർത്തി”. അതൊക്കെ എവിടെയെങ്കിലും എടുത്തിട്ടുകാണും …ഞാൻ ഒരിക്കെ അത് തുറന്നു നോക്കിയാരുന്നു…കുറെ പഴന്തുണികളും ഒരുകെട്ട് പേപ്പറും അല്ലാതെ അതിലൊന്നുമില്ല….ചേച്ചിക്ക് വേണേൽ ആ കാൽപ്പെട്ടി കൊണ്ടുപോക്കോ…ഇവിടെക്കിടന്നാൽ അത് ചിതലെടുത്തു പോകാതെ ഉള്ളൂ . എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
‘അമ്മ പൊന്നുപോലെ കൊണ്ടുനടന്നിരുന്ന ആ കാൽപ്പെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ , അമ്മയോട് തന്നെയുള്ള നിന്ദയും അവഗണനയും ആയിട്ടാണ് എനിക്ക് തോന്നിയത്.
‘അമ്മ ജീവിച്ചിരുന്നപ്പോൾ , അമ്മയുടെ സമ്മതത്തോടെ, അമ്മയുടേതായിട്ടുള്ള എന്തും എടുത്തുകൊണ്ടു പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്ന് അതല്ലല്ലോ സ്ഥിതി ..തറവാട്ടിലേക്കുള്ള വരവുതന്നെ വർഷത്തിൽ ഒന്നോ രണ്ടോ തവണയായി ചുരുങ്ങി…ഓരോ ബദ്ധപ്പാടുകൾ, തിരക്കുകൾ…പിന്നെ,അങ്ങോട്ട് ചെല്ലാത്തതിൽ ആർക്കും പരിഭവമോ പരാതിയോ ഉണ്ടെന്നും തോന്നിയിട്ടില്ല.
ഇന്നിപ്പോൾ അമ്മയുടെ ഒന്നാം ആണ്ടുബലി പ്രമാണിച്ചാണ് ഞാൻ തറവാട്ടിൽ എത്തിയത് ..
യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് , പെട്ടെന്നെന്തോ ഓർത്തതുപോലെ , ആങ്ങള ഒരു താക്കോൽകൂട്ടം എടുത്തു നീട്ടിയത് .
“ഇതിൽ ഏതെങ്കിലുമാണോ ആ കാൽപ്പെട്ടിയുടെ താക്കോൽ എന്ന് നോക്ക് ചേച്ചി , കിട്ടിയാൽ പൂട്ട് തല്ലിപ്പൊളിക്കണ്ടല്ലോ .ഞാൻ , നന്ദിയോടെ ആങ്ങളയെ നോക്കി തലയാട്ടി.
തുരുമ്പിച്ചു തുടങ്ങിയ താക്കോൽകൂട്ടം…ഞാൻ കാൽപ്പെട്ടിയുടേതെന്നു തോന്നിയ ഒരെണ്ണം ഇട്ടു തിരിച്ചുനോക്കി..ഭാഗ്യം …അതുതന്നെ…പക്ഷെ, താക്കോലിന്റെ പിടി ഒടിഞ്ഞുപോയി., പൂട്ട് തുറക്കാനും പറ്റിയില്ല..നോക്കി നിന്നവരെല്ലാം പൊട്ടിചിരിച്ചപ്പോൾ ചെറിയൊരു ജാള്യം എനിക്ക് തോന്നി എന്നത് നേര് തന്നെ …പക്ഷെ ഒരു സമാധാനമുണ്ടായിരുന്നു, നല്ലൊരു കൊല്ലനെക്കൊണ്ട് ഒരു താക്കോല് ചെയ്യിച്ചെടുക്കാൻ ഇതുതന്നെ ധാരാളം …
പിത്തള പിടിയെല്ലാം മിനുക്കിയെടുത്തു, കാൽപ്പെട്ടി നന്നായി പോളിഷ് ചെയ്തു, വീട്ടിലെ, സ്വീകരണ മുറിയുടെ ഏറ്റവും ശ്രദ്ധ കിട്ടുന്ന സ്ഥലത്തു വച്ചുകഴിഞ്ഞപ്പോഴാണ് മനസ്സിനൊരു കുളിർമ തോന്നിയത്.
“കൊല്ലന്റെ പുറകെനടന്നു ചെരുപ്പ് കുറെ തേഞ്ഞതാ, നിധി വല്ലതുമുണ്ടെങ്കിൽ, ഈ പാവപ്പെട്ടവനെയും കൂടി ഒന്ന് പരിഗണിച്ചേക്കണേ”എന്ന് പറഞ്ഞു , ഇന്നലെ, സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന താക്കോൽ ഒരു കള്ളച്ചിരിയോടെ എന്റെ ഭർത്താവ് എനിക്ക് വച്ച് നീട്ടി..
ഇന്ന്, പണികളെല്ലാം നേരത്തെ ഒതുക്കിത്തീർത്, സ്ഥിരമായുള്ള ഉച്ചമയക്കം വേണ്ടെന്നു വച്ച് , ഞാൻ കാൽപ്പെട്ടി തുറക്കാനിരുന്നു……
ഉണങ്ങിയ വേപ്പിലയുടെയും, ഇലഞ്ഞിപ്പൂക്കളുടെയും, കർപ്പൂരത്തിന്റെയുമൊക്കെ സമ്മിശ്ര ഗന്ധം, ഒരുമാത്ര എന്നെ അമ്മയുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു പോയി….
ഭംഗിയായി അടുക്കിവച്ചിരിക്കുന്ന , ആറേഴു സെറ്റു മുണ്ടുകൾ….എല്ലാം പല വർഷങ്ങളിലായി ഞാൻ ഓണത്തിന് അമ്മക്ക് സമ്മാനിച്ചവ….പലതും പ്ലാസ്റ്റിക് കൂടിൽനിന്നും പുറത്തെടുത്തിട്ടില്ലെന്നു തന്നെ തോന്നി….
കവറിനുള്ളിൽ, വെളിച്ചം കണ്ടു, തലങ്ങും വിലങ്ങും ഓടുന്ന ഇരട്ടവാലൻപൂച്ചികൾ ….കണ്ടപ്പോൾ എനിക്ക് സങ്കടമാണ് തോന്നിയത്.
ഒന്നുപോലും എടുത്തു ഉപയോഗിക്കാതെ , എന്തിനാണ് ഇതൊക്കെ ‘അമ്മ സൂക്ഷിച്ചു വച്ചത്?
“മക്കൾ സന്തോഷത്തോടെ എന്തെങ്കിലും വച്ച് നീട്ടിയാൽ , വേണ്ടെന്നു പറയരുത്, സുകൃതം ചെയ്തവർക്ക് മാത്രമേ അതിനൊക്കെ ഭാഗ്യം ഉണ്ടാവൂ “…ഒരിക്കൽ ‘അമ്മ എന്നോട് പറഞ്ഞിട്ടുള്ളത് പൊടുന്നനെ എനിക്ക് ഓര്മ വന്നു….എന്റെ മനസ്സ് വല്ലാതെ വിങ്ങി.
ജീവിച്ചിരുന്നപ്പോൾ എനിക്ക് അമ്മയെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല?…
ഒരു നേർച്ചപോലെ , കാണാൻ ചെല്ലുമ്പോഴൊക്കെയും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്തു, ഞാൻ എന്റെ കടമ നിർവഹിക്കുന്നുണ്ടെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക മാത്രമാണോ ഞാൻ ചെയ്തത്?…അഞ്ഞൂറെന്നും, രണ്ടായിരമെന്നും എഴുതിയ കുറെ കറൻസികൾ ആ ഉള്ളംകൈയിൽ ബലാൽക്കാരമായി പിടിപ്പിക്കുമ്പോൾ തീരുന്നതായിരുന്നോ മകളെന്ന എന്റെ ഉത്തരവാദിത്തം ?
ഇന്നെനിക്കു തോന്നുന്നു,അമ്മക്ക് ഇതൊന്നുമായിരുന്നില്ല ആവശ്യം,…കുറച്ചു സ്നേഹം, കുറച്ചു പരിഗണന…ഒരുപക്ഷെ നെഞ്ചോടു ചേർത്തുനിർത്തി ,നെറുകയിൽ ഒരുമ്മയാവാം അവർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ളത്….
സെറ്റുമുണ്ടുകളെല്ലാം എടുത്തുമാറ്റി, ഞാൻ അതിനടിയിലിരുന്ന ,അൻപതുകളിലെ ഏതോ പത്രത്തിൽ പൊതിഞ്ഞ, ഒരു കെട്ടു മഞ്ഞ നിറമാർന്ന , കടലാസ് തുണ്ടുകളും ,പഴയ ഇൻലന്റുകളും പുറത്തെടുത്തു.
കാലപ്പഴക്കം കൊണ്ട് പലതും പൊടിഞ്ഞു തുടങ്ങിയിരുന്നു….അതിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങളാകട്ടെ , പലതും തണുപ്പടിച്ചോ, കണ്ണുനീർ വീണു പടർന്നുപോയതുപോലെയോ തോന്നിച്ചു…അധികം പഴക്കമില്ലെന്നു തോന്നിയവ മാറ്റിവച്ചു, ഞാൻ സൂക്ഷ്മതയോടെ , പഴക്കം ചെന്നവ വായിക്കാൻ ആരംഭിച്ചു ……
അതിശയമെന്നു പറയട്ടെ, നല്ല ഒന്നാംതരം പ്രണയ ലേഖനങ്ങൾ ആയിരുന്നു അവ ….എല്ലാം അച്ഛനെ സംബോധന ചെയ്തു ‘അമ്മ എഴുതിയവ !
വായിക്കുംതോറും എന്റെ ആശ്ചര്യം കൂടിക്കൂടി വന്നു . വെറും പ്രീ യൂണിവേഴ്സിറ്റി വരെ മാത്രം വിദ്യാഭ്യാസം ഉള്ള അമ്മക്കെങ്ങിനെ, ഇത്രയും മനോഹരമായി, ഒഴുക്കോടെ എഴുതാൻ കഴിഞ്ഞു? ഓരോ കത്തും. യൂവത്വത്തിന്റെ തരളതകളും, ആകാംഷകളും, ആകുലതകളും , വിരഹ ദുഖവുമൊക്കെ സമന്വയിപ്പിച്ചു സൃഷ്ടിച്ചിട്ടുള്ള കറകളഞ്ഞ സാഹിത്യ സൃഷ്ടി !
എന്തുകൊണ്ട് ‘അമ്മ ഇതൊന്നും അകലെ , ജോലിസ്ഥലത്തായിരുന്ന അച്ഛന് അയച്ചു കൊടുത്തില്ല ? ഉള്ളിലുള്ള ആഗ്രഹങ്ങളെ, മൃദുല വികാരങ്ങളെ, സ്വന്തം ഭർത്താവിനോടാണെങ്കില്പോലും തുറന്നു കാട്ടുവാനുള്ള ലജ്ജയാണോ അതോ വളർന്നുവന്ന ചുറ്റുപാടുകൾ അമ്മയിൽ അടിച്ചേൽപ്പിച്ച സർവംസഹ മനോഭാവം കൊണ്ടാണോ ?….എനിക്ക് എന്തെന്നില്ലാത്ത സങ്കടം വന്നു…..
സ്വന്തം ഇഷ്ടങ്ങളും, അഭിപ്രായങ്ങളും, സ്വാതന്ത്ര്യവും അടിയറവച്ചു, കേവലം ഒരു ദാസിയെപ്പോലെ , ഇതാണെന്റെ ലോകം എന്ന് വിശ്വസിച്ചു സ്വന്തം ജീവിതം ഹോമിച്ച അമ്മക്ക് മനസ്സിൽ എവിടെയാണ് ഞാൻ സ്ഥാനം
കൊടുക്കുക ?
അച്ഛനൊരിക്കൽ , മരുമകനോടൊപ്പം , അൽപ്പം സോമരസം ഉള്ളിൽ ചെന്നിരുന്നു സമയത്തു, അമ്മയെപ്പറ്റി പറഞ്ഞത് പെട്ടെന്ന് ഞാൻ ഓർത്തു ..
“എന്റെ സങ്കല്പങ്ങൾക്കൊത്തു ഉയരുവാൻ അവർക്കൊരിക്കലും കഴിഞ്ഞിട്ടില്ല…ഒട്ടും റൊമാന്റിക് അല്ലാത്ത, അണ്ടർസ്റ്റാന്ഡിങ് അല്ലാത്ത ഒരു പാവം സ്ത്രീ…അത്രേ ഞാൻ കരുതിയിരുന്നുള്ളു …പക്ഷെ ഈയിടെ ഒരു സംശയം…ഞാൻ അവരെ വേണ്ടവിധത്തിൽ പരിഗണിച്ചിട്ടില്ലെന്നു, മനസ്സിലാക്കിയിട്ടില്ലെന്നു…..” അതെത്ര സത്യമായിരുന്നു അച്ഛാ….അമ്മക്കെന്നും അച്ഛനെ ജീവനായിരുന്നു, പേടിയായിരുന്നു, ആരാധനയുമായിരുന്നു….അത് തിരിച്ചറിയാൻ കഴിയാതെ പോയത് അച്ഛന്റെ നഷ്ടം ……
ജീവിതത്തിലെ , നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾ വരെ എത്ര സൂക്ഷ്മതയോടെയാണ് ‘അമ്മ വിശകലനം ചെയ്തിരിക്കുന്നത്…എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്! ചില കത്തുകളിൽ വേണ്ടപ്പെട്ടവരുടെ അവഗണനയുടെ നീറ്റൽ തെളിഞ്ഞു കാണുന്നുവെങ്കിൽ, മറ്റുചിലതിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിൽപ്പോലും തുള്ളിത്തിമിർക്കുന്ന മിന്നാമിനുങ്ങുകളെകാണാം ….
ആകാംഷയുടെ ഉച്ചസ്ഥായിയിലല്ലാതെ ഒരു കത്തും എനിക്ക് വായിച്ചു തീർക്കാനായില്ല …കണ്ണുകളെ ഈറനണിയിച്ചുകൊണ്ടു അവസാനത്തെ കത്തും ഞാൻ വായിച്ചു തീർത്തു.
എന്റെയുള്ളിൽ ഒരായിരം ചോദ്യങ്ങൾ മാത്രം ഉത്തരം കണ്ടെത്താനാവാതെ വട്ടം കറങ്ങി…ഒരു പക്ഷെ ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയാനുള്ള ബാധ്യതയിൽ നിന്ന് ഒഴിവാക്കാനാകും ,’അമ്മ, ആ കാൽപ്പെട്ടി തുറന്നു നോക്കാനുള്ള അവസരം പോലും തറാതിരുന്നത് എന്നെനിക്കു ബോധ്യമായി.
ആ കത്തുകളൊന്നും മറ്റാരും വായിക്കേണ്ടെന്നു എനിക്ക് തോന്നി…ഞാൻ അവ കത്തിച്ചു കളഞ്ഞു …
എങ്കിലും എനിക്ക് കുറ്റബോധം തോന്നി, ജീവിച്ചിരുന്നപ്പോൾ അവരെ ഞാൻ അവർ അർഹിക്കുന്ന വിധത്തിൽ സ്നേഹിക്കാതിരുന്നതിനു, …’അമ്മ, എന്റെ അച്ഛനെയും, ഞങ്ങൾ മക്കളെയും നിസ്വാർത്ഥമായി സ്നേഹിച്ചതിന്റെ ഒരംശം പോലും ഞാൻ ആരെയും സ്നേഹിച്ചിട്ടില്ലാത്തതിന് …എനിക്ക് എന്നും പരാതികളേ ഉണ്ടായിരുന്നുള്ളു എന്നതിന് …
ഇതൊരു തിരിച്ചറിവിന്റെ സമയമാണെന്നും, ഞാൻ സ്വയം തിരുത്തേണ്ടതുണ്ടെന്നും എനിക്കിപ്പോൾ തോന്നുന്നു….
ഒരുപക്ഷെ , ഒരിക്കലും അയക്കാത്ത ആ കത്തുകൾ അവശേഷിപ്പിച്ച സന്ദേശവും ഇതുതന്നെയാവാം ….അല്ലേ ?
********************************